തിരുവനന്തപുരം: വയനാട്ടിൽ വൻ പ്രകൃതിദുരന്തം ഉണ്ടായപ്പോൾ' മുട്ടായുക്തി രാഷ്ട്രീയവും പറഞ്ഞ് എടന്തലിച്ചു നിന്ന സുരേഷ് ഗോപി, ഹേമ കമ്മീഷൻ റിപ്പോർട്ടും നിരന്തര പീഡന പരാതികളും ഉയർന്നപ്പോൾ മണ്ണിൽ തല പൂഴ്ത്തിവച്ച് ഒട്ടകപക്ഷിയെ പോലെ മുങ്ങി നടക്കുന്ന സുരേഷ് ഗോപി പാളത്തൊപ്പിയും അരിവാളുമായി പിഞ്ചു കുഞ്ഞുങ്ങൾ അക്ഷരം പഠിക്കുന്ന വിദ്യാലയ മുറ്റത്ത് വേഷം കെട്ടി നിൽക്കുന്നു! ഗവ:മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂരിലെ കുരുന്നുകളുടെ നെൽകൃഷി നൂറുമേനി വിളഞ്ഞപ്പോൾ കൊയ്യാനെത്തിയത് കേന്ദ്രസഹമന്ത്രി പദവി കൂടി വഹിക്കുന്ന സുരേഷ്ഗോപി. തമാശയതൊന്നുമല്ല, കർഷക നിയമങ്ങൾ പൊളിച്ചെഴുതി കൃഷി മേഖലയെ ഒരു പരുവത്തിലാക്കാൻ വഴി തേടുന്ന മോദി സർക്കാരിലെ സഹമന്ത്രിയും ബിജെപിയുടെ എംപിയുമാണ് ഇദ്ദേഹമെന്നത് ക്ഷണിച്ച സ്കൂളിലെ അധ്യാപകരും രക്ഷകർത്താക്കളും എങ്കിലും ഒന്ന് ചിന്തിക്കുന്നത് നല്ലതാ. പക്ഷെ അവിടെയോ? കൊയ്ത്തുകാരുടെ പാരമ്പര്യവേഷത്തിലെത്തിയ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരുമൊക്കെയായി വലിയൊരു ജനാവലി തന്നെ കൊയ്ത്തുത്സവത്തിന് നിരന്ന് നിൽപ്പാണ്. ചെണ്ടമേളത്തിന്റെ താളമേളത്തോടെ കൊയ്ത്തുപാട്ടിന്റെ അകമ്പടിയോടെയാണ് കൊയ്ത്‌ത് ആരംഭിച്ചത്.
ഉദ്ഘാടനത്തിനു ശേഷം കുട്ടികളോടൊപ്പം ഫോട്ടോകൾ എടുക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്‌ത് കുട്ടികൾക്കൊപ്പം കുറച്ചു സമയം ചെലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. തുടർന്ന് വിദ്യാർത്ഥികൾ കൊയ്‌തുമായി ബന്ധപ്പെട്ട വിവിധ പാരമ്പര്യ കലാപരിപാടികൾ അവതരിപ്പിച്ചു. അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പഠനാനുബന്ധ പ്രവർത്തനങ്ങളും, പാഠ പുസ്‌തകേതര പ്രവർത്തനങ്ങളും, മികച്ച നേരനുഭവങ്ങളും കുട്ടികൾക്കു നൽകുന്നതിൽ വെങ്ങാനൂർ മോഡൽ ഹയർ സെക്കൻ്ററി സ്‌കൂൾ എന്നും ഒരു പടി മുന്നിലാണ് എന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നത്തെ വിളവെടുപ്പുത്സവം എന്ന് പ്രിൻസിപ്പൽ ബീന. റ്റി.എസ് പറഞ്ഞു.
വിളവെടുത്ത നെല്ല് അരിയാക്കുന്നതു വരെയുള്ള ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുന്നതായിരിക്കും. തുടർന്ന് സൗകര്യപ്രദമായ ഒരു ദിവസം കുട്ടികൾ വിളയിച്ച ഈ അരി ഉപയോഗിച്ച് കുട്ടികൾക്ക് സദ്യ തയ്യാറാക്കി നൽകുന്നതായിരിക്കും എന്ന് പി.ടി.എ പ്രസിഡൻ്റ് സുനിൽകുമാർ അറിയിച്ചു. നെല്ലു കുത്തി സദ്യ എന്ന പേരിൽ ഈ വർഷം നടപ്പിലാക്കുന്ന തനതു പദ്ധതിയുടെ ഭാഗമായാണ് നാടും നാട്ടാരും കാലവും മറന്ന നെൽകൃഷി വീണ്ടും പുനർസൃഷ്ടിച്ചിരിക്കുന്നത്. ഇന്ന് കന്നിയിലെ മകം നാൾ അതായത് നെല്ലിന്റെ പിറന്നാൾ എന്ന ശേഷ്‌ഠത കൂടി ഇന്നത്തെ വിളവെടുപ്പ് ദിനത്തിനുണ്ട്. ശ്രേയസ് എന്നയിനം വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. കൃഷി വകുപ്പിന്റെയും പ്രാദേശിക കർഷകരുടെയും സേവന സഹരണങ്ങൾ കൃഷിയിലുടനീളം ലഭിച്ചിരുന്നു.
വേഷം കെട്ടുകൾ അവസാനിക്കുന്നില്ല. അത് ചുമക്കാൻ പുതിയ തലമുറകളെ കൂടി പരിശീലിപ്പിക്കുന്ന വിദ്യാഭ്യസ സ്ഥാപനങ്ങൾ സാംസ്കാരികതയെ ഒരു വഴിക്കാക്കും.
Suresh Gopi is back in costume. This time, the performance came to school wearing a railway cap.